കരിന്തളം: കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിനു കീഴിൽ വിജയവാഡ കെഎൽ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച നാഷണൽ ട്രൈബൽ കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായുള്ള ഇംഗ്ലീഷ് നാടക മത്സരത്തിൽ സീനിയർ, ജൂണിയർ വിഭാഗങ്ങളിൽ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഒന്നാം സ്ഥാനം. പദ്മനാഭൻ ബ്ലാത്തൂർ രചിച്ച് ഉദയൻ കുണ്ടംകുഴി സംവിധാനം ചെയ്ത ചന്തു, കരിന്തണ്ടൻ എന്നീ നാടകങ്ങളാണ് ഒന്നാംസ്ഥാനം നേടിയത്.
എൻസിഇആർടിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 20 മുതൽ പൂനെയിൽ നടക്കുന്ന രാജ്യാന്തര കലാ ഉത്സവിലേക്കും ഈ നാടകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
പിറന്ന മണ്ണിന്റെ മാനം കാക്കാൻ ജീവൻ ബലിയർപ്പിച്ച തലയ്ക്കൽ ചന്തുവിന്റെയും വയനാട്ടിലേക്ക് ചുരംപാത നിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴി കാട്ടിക്കൊടുത്ത കരിന്തണ്ടന്റെയും കഥ പറയുന്നതാണ് നാടകങ്ങൾ.
ബാലകൃഷ്ണൻ ചെർക്കളയാണ് സംഭാഷണങ്ങൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. വിദ്യാർഥികളായ ആകാൻഷ, നീരജ്, സങ്കീർത്തന, അനശ്വര എന്നിവർ സീനിയർ വിഭാഗത്തിലും സൂരജ്, ഹർഷൻ, പ്രജിത്ത്, മൗനിക, അവനിക, സാംഖ്യ, സിദ്ധാർഥ് എന്നിവർ ജൂണിയർ വിഭാഗത്തിലും അഭിനേതാക്കളായി. 28 സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാടകങ്ങളോട് മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. കുട്ടികളുടെ വ്യക്തിത്വ വികസന പരിപാടികളുടെ ഭാഗമായി ഉദയൻ കുണ്ടംകുഴിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ തിയേറ്റർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.